132 വര്‍ഷം മുമ്പ് അയച്ചതാണ്; ലോകത്തെ ഏറ്റവും പഴയ കുപ്പി സന്ദേശം

100294090_bottleandnote-3757

പെർത്ത്: 132 വർഷത്തെ പഴക്കമുണ്ട് ഇൗ കുപ്പി സന്ദേശത്തിന്.  കടലിന്റെ വ്യതിയാനങ്ങളറിയാൻ കടലാസ് കഷണങ്ങളിൽ സന്ദേശമെഴുതി കുപ്പിയിലാക്കി തിരയിലേക്ക് വലിച്ചെറിഞ്ഞതായിരുന്നു ഇൗ സന്ദേശം. കാലം ഇത്രകഴിഞ്ഞിട്ടും ഒരു കുഴപ്പവുമില്ലാതെ ആ കുപ്പിയും സന്ദേശവും ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ തീരത്തടിഞ്ഞു.

കടൽത്തീരത്തുകൂടി നടക്കുന്നതിനിടയിൽ ടോണിയ ഇൽമാൻ എന്ന സ്ത്രീക്ക് ജനുവരിയിലാണ് കുപ്പി കിട്ടിയത്. കടും പച്ച നിറത്തിലുള്ള ചില്ലുകുപ്പിക്ക് ഒമ്പത് ഇഞ്ചിൽ താഴെ മാത്രം നീളവും മൂന്ന് ഇഞ്ച് വീതിയുമാണുള്ളത്. തിരിച്ചും മറിച്ചും നോക്കിയിട്ടും ഇതെന്താണെന്ന് ടോണിയയ്ക്ക് പിടികിട്ടിയില്ല. എന്തോ പ്രത്യേകതയുണ്ടെന്നുമാത്രം മനസിലായി. കാര്യം അധികൃതരെ അറിയിച്ചു. നിരീക്ഷണങ്ങൾക്കുശേഷം, പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ മ്യൂസിയമാണ് കുപ്പിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്. 1886ൽ നിക്ഷേപിച്ച സന്ദേശമാണിതെന്നാണ് നിഗമനം.

കുപ്പിയിലുള്ള കടലാസ് ചുരുളിൽ ജർമ്മൻ ഭാഷയിൽ 1882 ജൂൺ 12 എന്നും പൗള എന്ന കപ്പലിന്റെ പേരും എഴുതിയിരുന്നു. ജർമ്മൻ നാവിക നിരീക്ഷണ പദ്ധതിയുടെ ഭാഗമായിരുന്ന പൗള കപ്പലിൽ നിന്നുള്ള സന്ദേശമാണിതെന്നാണ് നിഗമനം. കടലിന്റെ വ്യതിയാനങ്ങളറിയാൻ ഇത്തരത്തിൽ ആയിരക്കണക്കിന് കുപ്പികളും സന്ദേശങ്ങളും കടലിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *