ഷമിക്കെതിരായ ആരോപണം: നിയന്ത്രണം വിട്ട് ഹസീന്‍ ജഹാന്‍; മാധ്യമപ്രവര്‍ത്തകരുടെ കാറില്‍ അടിച്ച് നടുറോഡില്‍ രോഷപ്രകടനം(വീഡിയോ)

12

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ ഭാര്യ ഹസീന്‍ ജഹാന്‍ മാധ്യമപ്രവര്‍ത്തകരോടും പൊട്ടിത്തെറിച്ചു. വിവാദത്തില്‍ പ്രതികരണം ആരാഞ്ഞ നെറ്റ് വര്‍ക്ക് 18ലെ മാധ്യമപ്രവര്‍ത്തകരോടാണ് ഹസിന്‍ ജഹാന്‍ പൊട്ടിത്തെറിച്ചത്. ഷമിയെക്കുറിച്ച് ജഹാന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും കേസിന്റെ വിശദാംശങ്ങളെക്കുറിച്ചും ചോദ്യം ചോദിച്ചപ്പോഴാണ് ജഹാന്‍ നിയന്ത്രണം വിട്ട് പെരുമാറിയത്. നടുറോഡില്‍ നിന്നാണ് ഹസിന്‍ തന്റെ രോഷം പ്രകടിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മാധ്യമപ്രവര്‍ത്തകരുടെ കാറിനു മുകളില്‍ അടിക്കുന്ന ഹസിന്‍ ജഹാന്‍ സംഭവത്തെക്കുറിച്ച് രൂക്ഷമായാണ് പ്രതികരിക്കുന്നത്. അതേസമയം ഷമിക്കെതിരായ കേസുകളില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. ഇതിന്റെ ഭാഗമായി ഷമിയുടെ ഫോണ്‍ കണ്ടുകെട്ടി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം താരം യാത്ര ചെയ്തതിന്റെ മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട് അന്വേഷണസംഘം ബി.സി.സി.ഐയ്ക്ക് കത്തയച്ചിട്ടുമുണ്ട്.

നിരവധി സ്ത്രീകളുമായി സംസാരിച്ചതിന്റെയും ചാറ്റ് ചെയ്തതിന്റെയും വിവരങ്ങള്‍ പിടിച്ചെടുത്ത ഫോണില്‍ നിന്ന് ലഭിച്ചിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കേസില്‍ പരാതിക്കാരിയായ ഷമിയുടെ ഭാര്യയെ പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ഇവരില്‍ നിന്നാണ് ഷമിയുടെ ഫോണ്‍ വാങ്ങിയത്. തന്റെ കൈയിലുള്ള ചില രേഖകള്‍ ഹസിന്‍ പൊലീസിന് കൈമാറിയതാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഷമിക്കെതിരായ ആരോപണങ്ങള്‍ ഒത്തുതീര്‍ക്കാനുള്ള ശ്രമത്തിലാണ് ഷമിയുടെ കുടുംബം. ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ഷമിയുടെ കുടുംബാംഗങ്ങള്‍ ഹസിന്‍ ജഹാന്റെ അഭിഭാഷകനുമായി സംസാരിച്ചിരുന്നു. എന്നാല്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *