ജൂറിയിലൊക്കെ വിവരമുള്ള ആളുകളല്ലേ ഇരിക്കുന്നത്? അത് ആ പയ്യന്റെ യഥാര്‍ഥ ശബ്ദമാണ്; യേശുദാസിനെപ്പോലെ പാടിയത് കാരണം അവാര്‍ഡ് നിഷേധിച്ചത് ശരിയല്ല: അര്‍ജുനന്‍ മാസ്റ്റര്‍

arjunan

യേശുദാസിനെപ്പോലെ പാടിയതിന് യുവഗായകന് അവാര്‍ഡ് നിഷേധിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി സംഗീത സംവിധായകന്‍ എം.കെ.അര്‍ജുനന്‍ മാസ്റ്റര്‍. ‘അഭിജിത്ത് വിജയന്‍ കഴിവുള്ള പാട്ടുകാരനാണ്. അദ്ദേഹത്തിന് ഈ ഒരു കാരണത്താല്‍ പുരസ്‌കാരം നിഷേധിച്ചെന്ന് ഇപ്പോഴാണറിയുന്നത്. അതില്‍ വളരെ വിഷമമുണ്ട്. അഭിജിത്തിന്റെ ശബ്ദത്തിന് യേശുദാസിന്റെ ശബ്ദവുമായി സാമ്യമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. അഭിജിത്ത് ശബ്ദം അനുകരിച്ചതായും തോന്നിയില്ല. അത് ആ പയ്യന്റെ യഥാര്‍ഥ ശബ്ദമാണ്. അങ്ങനെയൊക്കെ അനുകരിക്കാന്‍ കഴിയുമോ?- അര്‍ജുനന്‍ മാസ്റ്റര്‍ പറഞ്ഞു.

യേശുദാസിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പറഞ്ഞ് യുവഗായകന് സംസ്ഥാന പുരസ്‌കാരം നിഷേധിച്ചതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഭയാനകം എന്ന സിനിമയിലെ അഭിജിത്ത് വിജയന്‍ പാടിയ ‘കുട്ടനാടന്‍ കാറ്റു ചോദിക്കുന്നു’ എന്ന ഗാനമാണ് പുരസ്‌കാരത്തിനായി അവസാന റൗണ്ടില്‍ എത്തിയത്. അവാര്‍ഡ് നിര്‍ണയ വേളയുടെ അവസാനഘട്ടത്തിലാണ് യേശുദാസല്ല, മറ്റൊരാളാണ് പാടിയെതെന്ന് ജൂറി അംഗങ്ങള്‍ക്കു മനസ്സിലായതെന്നാണ് വാര്‍ത്ത. അര്‍ജുനന്‍ മാസ്റ്ററായിരുന്നു ഭയാനകത്തിന്റെ സംഗീത സംവിധായകന്‍. അദ്ദേഹത്തിന് ഈ ചിത്രത്തിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

ജൂറിയിലൊക്കെ വിവരമുള്ള ആളുകളല്ലേ ഇരിക്കുന്നത്? അവര്‍ക്കത് മനസിലാക്കാന്‍ കഴിയില്ലേ? പിന്നെ അമ്പത് വര്‍ഷം കഴിഞ്ഞപ്പോഴല്ലേ എനിക്ക് ഒരു പുരസ്‌കാരം കിട്ടുന്നത്. പുരസ്‌കാരം വൈകിയതില്‍ എനിക്ക് വിഷമമൊന്നുമില്ല. കഴിവുണ്ടെങ്കില്‍ അഭിജിത്തിനും നാളെ പുരസ്‌കാരം ലഭിക്കും- അര്‍ജുനന്‍ മാസ്റ്റര്‍ പറഞ്ഞു.

ഭയാനകം എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജയരാജ് പറഞ്ഞിട്ടാണ് ഞാന്‍ അഭിജിത്തിനെ സിനിമയില്‍ പാടാന്‍ വിളിക്കുന്നത്. കൊല്ലത്ത് നന്നായി പാടുന്ന ഒരു പയ്യനുണ്ടെന്നു പറഞ്ഞു, അങ്ങനെ പാട്ടു പാടി കേട്ടപ്പോള്‍ സംവിധായകന്‍ ജയരാജിനും എനിക്കും ഇഷ്ടപ്പെട്ടു, അങ്ങനെ ചിത്രത്തില്‍ പാടിക്കുകയായിരുന്നു-അദ്ദേഹം പറഞ്ഞു.

ജൂറിയില്‍ സംഭവിച്ചത്

അഭിജിത്ത് യേശുദാസിനെ അനുകരിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടതോടെ അവാര്‍ഡ് മായാനദിയുടെ പേരില്‍ ഷഹബാസ് അമന് നല്‍കാന്‍ തീരുമാനിച്ചു. ചിത്രത്തില്‍ ഷഹബാസ് അമന്‍ പാടിയ ‘മിഴിയില്‍ നിന്നും മിഴിയിലേക്ക്…’ എന്ന ഗാനത്തിനായിരുന്നു പുരസ്‌കാരം നല്‍കിയത്. ഈ രണ്ട് ഗാനങ്ങളുമായിരുന്നു അവസാനറൗണ്ടില്‍ മത്സരിച്ചത്.

Image result for arjunan master

ജൂറി അംഗവും സംഗീത സംവിധായകനുമായ ജെറി അമല്‍ ദേവ് അവാര്‍ഡ് നിര്‍ണയത്തെക്കുറിച്ച് പറയുന്നതിങ്ങനെ:

‘ഭയാനകത്തിലെ പാട്ടു പാടിയ അഭിജിത്തിന് മികച്ച ഗായകനുള്ള പുരസ്‌കാരം ലഭിക്കുന്നതിനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹം യേശുദാസിന്റെ ശബ്ദം അനുകരിക്കുകയാണെന്നൊരു അഭിപ്രായം ജൂറി അംഗങ്ങള്‍ക്കിടയിലുണ്ടായി. യേശുദാസിനെക്കുറിച്ച് ആര്‍ക്കും അഭിപ്രായ വ്യത്യാസമൊന്നുമില്ല. അതുകൊണ്ടല്ല അഭിജിത്തിന് അവാര്‍ഡ് നല്‍കാതിരുന്നതും. ഒരു ഗായകന്‍ അയാളുടെ ശരിക്കുള്ള സ്വരത്തില്‍ വേണം പാടാന്‍ എന്ന അഭിപ്രായം എനിക്കുണ്ട്.’

അഭിജിത്തിന്റെ സ്വരവും യേശുദാസിന്റെ സ്വരവും തമ്മില്‍ സാമ്യമുള്ളതിനാല്‍ അങ്ങനെ തോന്നിയതാവില്ലേ എന്ന ചോദ്യത്തിന്, യേശുദാസ് ഉപയോഗിക്കാറുള്ള ചില ‘സംഗതികള്‍’ പോലും അതേ പടി പകര്‍ത്താന്‍ അഭിജിത്ത് ശ്രമിച്ചുവെന്നാണ് ജെറി അമല്‍ ദേവ് മറുപടി പറഞ്ഞത്. എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ഇത്തവണത്തെ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്തതും ഭയാനകത്തിലെ പാട്ടുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *